ജഡ്ജിമാരുടെ പേരില്‍ താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് അഡ്വ സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരായി ഗൂഢാലോചന നടന്നെന്നും ബാര്‍ കൗണ്‍സിലിന് നല്‍കിയ മറുപടിയില്‍ സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നടപടി ഒഴിവാക്കണമെന്നാണ് അഡ്വ സൈബിയുടെ ആവശ്യം. തനിക്കെതിരായ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കുകയാണെന്ന് സൈബി പറഞ്ഞു.
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസന്വേഷണത്തിനെതിരെ സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. സൈബി അന്വേഷണത്തെ നേരിടണമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്. ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുന്നതാണ് സൈബി ജോസിന് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അഭിഭാഷകനെതിരായ ആരോപണം അതീവ ഗുരുതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ജുഡീഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും അന്വേഷണം നടക്കട്ടെയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. അന്വേഷണത്തെ നേരിട്ടുകൂടേയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി സൈബിയോട് ചോദിച്ചു. സത്യം പുറത്തുവരണം. അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രമാണ്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലേ ഉചിതമെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു.