അജ്ഞാത തുറമുഖത്ത് ജീവിതങ്ങളുടെ കപ്പലുകള്‍ നങ്കൂരമിടാന്‍ ഏകാകിയായി കാത്തുനില്‍ക്കുന്ന ഒരു കപ്പല്‍ പടനായകനായി മരണത്തെ സങ്കല്‍പ്പിച്ച പാബ്ലോ നെരൂദയുടെ മരണവും ലോകം ചര്‍ച്ച ചെയ്ത ഒരു ചിലിയന്‍ നിഗൂഢതയായിരുന്നു. സാല്‍വദോര്‍ അലന്‍ഡെയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാള ഭരണകൂടം ചിലിയില്‍ അധികാരത്തിലേറി 12 ദിവസങ്ങള്‍ക്ക് ശേഷം പ്രണയത്തിന്റേയും പ്രണയഭംഗങ്ങളുടേയും വിരഹവേദനയുടേയും നീറ്റലറിയിച്ച് മോഹിപ്പിച്ച ആ കവി യാത്രപറഞ്ഞ് പോയതെങ്ങനെയെന്നത് അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന ദുരൂഹതയായി പരിണമിക്കുകയായിരുന്നു. ഒടുവില്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിഗൂഢതയുടേയും ചുരുള്‍ അഴിഞ്ഞിരിക്കുകയാണ്. (Forensic study finds Chilean poet Pablo Neruda was poisoned)
നെരൂദ മരിച്ചത് വീര്യമേറിയ ഒരു വിഷം ഉള്ളില്‍ ചെന്ന് തന്നെയാണെന്നാണ് ഇപ്പോള്‍ ഫൊറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഒടുവില്‍ കവിയുടെ ശരീരത്തില്‍ നിന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ഏകാധിപതിയായ അഗസ്റ്റോ പിനോഷെയെ എതിര്‍ത്തതിന് നെരൂദയെ വധിച്ചതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ സാധൂകരിക്കുന്ന വിധത്തിലാണ് പുതിയ കണ്ടെത്തലുകള്‍ എത്തിയിരിക്കുന്നത്.
1973 സെപ്തംബര്‍ 23നാണ് പാബ്ലോ നെരൂദ ലോകത്തോട് വിടപറയുന്നത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സറും പോഷകാഹാരക്കുറവുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നെരൂദയുടെ അനന്തരവന്‍ റൊഡോള്‍ഫോ റെയ്‌സുള്‍ ഉള്‍പ്പെടെയുള്ളവര്‍ പിനോഷെ ഭരണകൂടം അദ്ദേഹത്തെ വധിച്ചതാണെന്ന് വിശ്വസിച്ചു. തന്റെ ന്യായമായ സംശയങ്ങള്‍ പലയിടങ്ങളിലും ആവര്‍ത്തിച്ചു. സത്യം പുറത്തെത്തിക്കാന്‍ നിയമപോരാട്ടം നടത്തി. ഉറങ്ങാന്‍ കിടന്നപ്പോള്‍ ആരോ തന്റെ വയറ്റില്‍ വിഷം കുത്തിവച്ചതായി മരണത്തിന് തൊട്ടുമുന്‍പ് നെരൂദ തന്നോട് പറഞ്ഞെന്ന് അദ്ദേഹത്തിന്റെ ഡ്രൈവര്‍ മാനുവല്‍ അരായ വെളിപ്പെടുത്തിയതും നിര്‍ണായകമായി.