BREAKING NEWSKERALALATEST

നിധി കണ്ടെത്താന്‍ ആഭിചാരകര്‍മ്മം; നാലര ലക്ഷം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തു

കണ്ണൂര്‍: നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. കാറമേലിലെ കൊവല്‍ മുപ്പന്റകത്ത് ജമീലയുടെ പരാതിയിലാണ് നടപടി.
ചെറുപുഴയിലെ എം.ടി.പി. റഷീദ്, മാതാവ് സൈനബ,ഭാര്യ അശിഫ, സഹോദരങ്ങളായ ഷര്‍ഫുദ്ദീന്‍, പി ഷംസു, നിസാം, ഉസ്താദ് അബുഹന്ന, കാസര്‍ഗോഡ് തങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2022 ജനുവരി മുതല്‍ ജൂണ്‍ വരെ കാലയളവില്‍, നാലര ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് ജമീലയുടെ പരാതി.
നിധി കണ്ടെത്തി നല്‍കാനും കുടുംബ കലഹം ഒഴിവാക്കാനുമുള്ള പൂജകര്‍മ്മങ്ങള്‍ക്കായാണ് പണം വാങ്ങിയത്. ഫലം ലഭിച്ചില്ലെങ്കില്‍ പണം തിരികെ നല്‍കുമെന്ന വാഗ്ദാനവും സംഘം നല്‍കിയിരുന്നു. പണം കൈക്കലാക്കിയതിനു പുറമേ ലൈംഗിക ചൂഷണം നടത്താനും സംഘം ശ്രമിച്ചുവെന്ന് ജമീല പറയുന്നു.
തുടര്‍ന്നാണ് ജമീല ബന്ധുക്കളെ വിവരമറിയിച്ചത്. ജൂണ്‍ 22ന് രാത്രി വീണ്ടും കര്‍മ്മങ്ങള്‍ക്കായി എത്തിയ സംഘത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ പകര്‍ത്തി. ഇതോടെ വാക്കുതര്‍ക്കം ആവുകയും സംഘം സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. പണം വാങ്ങി വഞ്ചിച്ച ശേഷം ജീവഹാനി വരുത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം എന്ന് ജമീല പറയുന്നു.
പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 420 വകുപ്പ് പ്രകാരം വഞ്ചന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker