മധ്യപ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 17 ഓളം പേര്‍ക്ക് പരിക്കേറ്റു. ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആണ് മധ്യപ്രദേശിലേക്ക് വിനോദയാത്ര പോയത്.
കഴിഞ്ഞ പതിനാലിനാണ് ഇവര്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വിനോദയാത്ര പോയത്. ജിയോളജി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളാണ് മധ്യപ്രദേശില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ഏഴ് അധ്യാപകരും സംഘത്തിലുണ്ട്.
രണ്ട് ബസിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും സഞ്ചരിച്ചിരുന്നത്. ഇതില്‍ ആദ്യം വന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. അടുത്തുള്ള ആശുപത്രിയില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ചുവെന്നും അതില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പ്രദേശവാസി പറയുന്നു. ഗുരുതരമായി പരുക്കേറ്റവരെ ജബല്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.