
അവിശ്വാസികളോട് തനിക്ക് യാതൊരു സ്നേഹവുമില്ലെന്നും അവരുടെ സർവ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ പോയിരുന്ന് താൻ പ്രാർത്ഥിക്കുമെന്നും നടൻ സുരേഷ് ഗോപി. ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ഒരാളെ പോലും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ ശിവരാത്രി അഘോഷത്തിനിടയിൽ സംസാരിക്കവെയാണ് താരത്തിന്റെ പരാമർശം.
കുട്ടികൾക്കിടയിൽ സ്നേഹം വളർത്തിയെടുക്കാനും അച്ചടക്കം വളർത്താനുമൊക്കെ വിശ്വാസം നല്ലൊരു ആയുധമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ മതത്തെ സ്നേഹിക്കുന്നത് പോലെ മറ്റ് വിശ്വാസങ്ങളെയും താൻ അംഗീകരിക്കുന്നുവെന്നും ഖുർആനേയും ബൈബിളിനേയും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘അടിസ്ഥാനപരമായ ആവശ്യം കുട്ടികളിൽ സ്നേഹം വളർത്തിയെടുക്കുക എന്നതാണ്. ഇതനിനുവേണ്ടി മതം നല്ലൊരു ആയുധമാണെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയാണ് ഞാൻ മതത്തെ കണ്ടിട്ടുള്ളത്.
എന്റെ മതത്തെ ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്നേഹിക്കാൻ സാധിക്കണം. ഖുർആനേയും ബൈബിളിനേയും മാനിക്കാൻ കഴിയണം. സ്നേഹവും അങ്ങനെ തന്നെയാണ്, എന്റെ ഈശ്വരന്മാരെ സ്നേഹിച്ച്, ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും സ്നേഹിക്കും.
എന്ന് പറയുമ്പോഴും അവിശ്വാസികളോട് ഒട്ടും തന്നെ സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സർവ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചിരിക്കും.
അത് എല്ലാവരും ചെയ്യണം. ആരെയും ദ്രോഹിക്കാൻ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തിയെന്ന് പറയുന്നത്. പക്ഷെ നമ്മുടെ ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാർഗങ്ങളെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ.
ഞാൻ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ടാകും. രാഷ്ട്രീയം സ്പുരിക്കും. അതുകൊണ്ടാണ് ഞാൻ പറയാത്തത്. പക്ഷേ വിശ്വാസി സമൂഹത്തിന്റെ അതിർത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്.
ഞങ്ങൾ ലോകത്തിന്റെ നന്മക്ക് വേണ്ടിയുളള പ്രാർത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികൾക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്’, സുരേഷ് ഗോപി പറഞ്ഞു.