തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആദ്യ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ആദ്യം അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോണ്‍ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായത്. വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിലെ അന്വേഷണത്തില്‍ അട്ടിമറി നടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ശബരിമല സ്ത്രീപ്രവേശന വിവാദം ശക്തമായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു. പൂജപ്പുര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറും പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലെ സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയല്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകള്‍ നഷ്ടമായത്.
പ്രതികള്‍ ആശ്രമത്തിന് മുന്നില്‍ ഷിബുവിന് ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്ത് വച്ചിരുന്നു. ഈ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറില്‍ രേഖപ്പെടുത്തി കോടതിയില്‍ നല്‍കി. കോടതി സ്റ്റേഷനില്‍ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നല്‍കി. പക്ഷെ ഇതിപ്പോള്‍ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ ഐഡിയ, വോഡോഫോണ്‍ കമ്പനികളുടെ ടവറില്‍ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍ ആദ്യ സംഘം കമ്പനിയില്‍ നിന്നും ശേഖരിച്ചു. പക്ഷെ ഈ വിവരങ്ങളും ഇപ്പോള്‍ കാണാനില്ല. അഞ്ച് സി സി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും കേസ് ഫയലില്ല. ഈ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികള്‍ നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
തെളിവുകള്‍ നഷ്ടമായതെന്നറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുപറയുകയോ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിരുന്നില്ല. എസ്പി സദാനന്ദന്റെ നേതൃത്വത്തില്‍ തുടരന്വേഷണം നടത്തിയ സംഘമാണ് ചോര്‍ച്ച കണ്ടെത്തി 3 മാസങ്ങള്‍ക്ക് മുമ്പ് ക്രൈം ബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്. പക്ഷെ തുടര്‍ നടപടിയൊന്നുമുണ്ടായില്ല.
ആശ്രമം കത്തിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫര്‍ റീത്തിന്റെ ഉള്‍പ്പെടെ ഫോട്ടോ എടുത്തിരുന്നു. ഈ ഡിജിറ്റല്‍ തെളിവില്‍ നിന്നാണ് കൈയ്യക്ഷര കേസിലെ മുഖ്യപ്രതിയായ മരിച്ച പ്രകാശിന്റെതെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്. എവിടെ നിന്നാണ് തെളിവുകള്‍ ചോര്‍ന്നതെന്ന് നാലു വര്‍ഷത്തിനപ്പുറം ഇപ്പോഴത്തെ അന്വേഷണ സംഘത്തിനും വ്യക്തതയില്ല.
21 1 minute read