BREAKING NEWSKERALALATEST

കാല് മാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്, വിദഗ്ദ്ധ പരിശോധന നടത്തും

കോഴിക്കോട്: കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍, നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ പി ബെഹിര്‍ ഷാന് പിഴവ് പറ്റിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അഡീഷണല്‍ ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആവശ്യമാണെന്ന് എഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ വൈദ്യ സംഘം കൂടുതല്‍ പരിശോധന നടത്തും. തിങ്കളാഴ്ച ആശുപത്രി അധികൃതരെ ഉള്‍പ്പടെ വിളിച്ചുവരുത്തി തെളിവെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.
നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി കൂടിയാണ് ഡോ പി ബെഹിര്‍ഷാന്‍. പരാതി വന്ന ദിവസം ആശുപത്രി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങളില്‍ ബഹിര്‍ഷാന്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെന്ന് ശസ്ത്രക്രിയക്ക് വിധേയയായ സജ്‌നയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഡോക്ടറുടെ പിഴവ് മറയ്ക്കാന്‍ ചികിത്സാ രേഖകളെല്ലാം ആശുപത്രി മാനേജ്‌മെന്റ് തിരുത്തിയെന്ന പരാതിയും കുടുംബം ആവര്‍ത്തിക്കുന്നു.
അശ്രദ്ധമായ ചികിത്സയ്ക്ക് നിസ്സാര വകുപ്പ് ചുമത്തിയാണ് ഡോ ബെഹിര്‍ഷാനെതിരെ നടക്കാവ് പൊലീസ് ഇന്നലെ കേസെടുത്തത്. തുടര്‍ അന്വേഷണത്തില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുക. അഡീഷണല്‍ ഡിഎംഒയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ചികിത്സാ പിഴവ് ശരിവെക്കുന്ന സാഹചര്യത്തില്‍ പൊലീസ് വിഷയത്തില്‍ കൂടുതല്‍ ഗുരുതരമായ വകുപ്പ് ചുമത്തേണ്ടി വരും.
വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയാണ് കക്കോടി സ്വദേശി സജ്‌ന ചികിത്സ തേടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ പി ബഹിര്‍ഷാനാണ് സജ്‌നയെ ചികിത്സിക്കുന്നത്. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സജ്‌ന ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. കഴിഞ്ഞ ദിവസം നടത്തിയ സര്‍ജറിയില്‍ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സജ്‌ന നിര്‍ബന്ധിത വിടുതല്‍ വാങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker