BREAKING NEWSKERALALATEST

ഗള്‍ഫില്‍ താമസം ഒന്നിച്ച്, ബന്ധം അവസാനിച്ചതോടെ വൈരാഗ്യം; കാമുകനെ തട്ടിക്കൊണ്ടുപോയത് ആറുപേരുമായെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രവാസിയായ യുവാവിനെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെന്ന് പോലീസ്. കേസില്‍ മുഖ്യപ്രതിയായ ഇന്‍ഷ, സഹോദരന്‍ ഷെഫീഖ് എന്നിവരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു. കേസിലെ മറ്റുപ്രതികളെല്ലാം ഷെഫീഖിന്റെ സുഹൃത്തുക്കളാണ്.
സഹോദരന്‍ ഉള്‍പ്പെടെ ആറു പേരുമായി വിമാനത്താവളത്തിലെത്തിയാണ് ഇന്‍ഷ കാമുകനായ തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തോളം ചിറയന്‍കീഴിലെ റിസോട്ടില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടില്‍നിന്ന് പ്രതികള്‍ 15.70 ലക്ഷം രൂപ തരപ്പെടുത്തുകയായിരുന്നു. പണത്തിന് പുറമേ ഇയാളുടെ കൈവശമുണ്ടായിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. രണ്ട് മുദ്രപ്പത്രത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങിയിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ ഖാദര്‍ തിരുവനനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. അബ്ദുള്‍ ഖാദറും ഇന്‍ഷയും ഗള്‍ഫില്‍ ഒന്നിച്ചായിരുന്നു താമസം. ഇരുവരും നേരത്തെ വിവാഹമോചിതരായ ശേഷമാണ് ഒന്നിച്ചുതാമസം തുടങ്ങിയത്. അടുത്തിടെ ബന്ധത്തില്‍ നിന്ന് യുവാവ് പിന്‍മാറിയതോടെ യുവതിക്ക് വൈരാഗ്യമായി. ബന്ധം അവസാനിപ്പിക്കാന്‍ നഷ്ടപരിഹാരമായി ഒരുകോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത്.
വിമാനത്താവളത്തില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ചിറയന്‍കീഴിലെ റിസോട്ടില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് 50 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിച്ചത്. സ്‌കൂട്ടറില്‍ തിരുവനന്തപുരം വിമാനത്താവള പരിസരത്തെത്തിച്ച ശേഷം ഇറക്കിവിടുകയായിരുന്നു. കേസില്‍ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയേക്കും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker