BREAKING NEWSKERALA

പഴയ പിണറായി: വീമ്പ് കേട്ടുമടുത്തു, മറുപടി പറഞ്ഞപ്പോള്‍ ഓടിയവഴിയില്‍ പുല്ല് മുളച്ചിട്ടില്ല- സുധാകരന്‍

തിരുവനന്തപുരം: പഴയ പിണറായി വിജയന്‍ എന്തായിരുന്നുവെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാദത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്. അതിന് ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ലെന്നും സുധാകരന്‍ പറഞ്ഞു. സുരക്ഷ സന്നാഹങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി തന്റെ പഴയ കാലത്തെ കുറിച്ച് സുധാകരനോട് ചോദിച്ചാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് ആവശ്യപ്പെട്ടത്. നിങ്ങള്‍ സര്‍വ്വസന്നാഹങ്ങളുമായി നില്‍ക്കുന്ന കാലത്ത് താന്‍ ഒറ്റത്തടിയുമായി നടന്നിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇത്ര പേടിയാണെങ്കില്‍ മുഖ്യമന്ത്രി വീട്ടില്‍ തന്നേ ഇരിക്കേണ്ടിവരുമെന്ന വി.ഡി.സതീശന്‍ പരിഹസിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. പഴയ വിജയനായിരുന്നെങ്കില്‍ പണ്ടേ ഇതിന് മറുപടി പറയുമായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറയുകണ്ടായി.
ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തതെന്ന് കെ.സുധാകരന്‍ ചോദിച്ചു. ഇഡി ചോദ്യം ചെയ്താല്‍ കുരുക്കുമുറുകുന്നതു തനിക്കാണെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് ഭീരുവായ മുഖ്യമന്ത്രി രവീന്ദ്രന്റെ സംരക്ഷണം ഏറ്റെടുത്തത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറെ ഏറെനാള്‍ മുഖ്യമന്ത്രി സംരക്ഷിച്ചെങ്കിലും അന്വേഷണം ആഴങ്ങളിലേക്കു നീങ്ങിയപ്പോള്‍ കൈവിടേണ്ടി വന്നു. ഇതു തന്നെയാണ് രവീന്ദ്രന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സിഎം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയെ സഹായിക്കാന്‍ സീനിയര്‍ ഗവ സെക്രട്ടറിമാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും വമ്പന്‍നിര തന്നെ നിയമസഭയിലുണ്ട്. അവര്‍ക്കിരിക്കാന്‍ നിയമസഭയില്‍ പ്രത്യേക ഇരിപ്പിടവുമുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയോ ചോദ്യമോ ഉയര്‍ന്നാല്‍ ആ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അവിടെ ഉണ്ടായിരിക്കും. കൂടാതെ നിയമസഭാ ജീവനക്കാരുമുണ്ട്. അതിനിയില്‍ പേഴ്‌സണല്‍ സ്റ്റാഫിന് പ്രത്യേകിച്ച് ഒരു പങ്കുമില്ല. നിയമസഭയിലേക്ക് ഇഡി എത്തില്ലെന്ന ധാരണമൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.
സ്വപ്ന സുരേഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടിരുന്ന രവീന്ദ്രന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. പാതിരാത്രിക്കു നടത്തിയ ചാറ്റ് ഒരു മുഖ്യമന്ത്രിയുടെ വയോധികനായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേതാണോ എന്നുപോലും സംശയംതോന്നി. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയവയുടെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അസന്മാര്‍ഗികളുടെയും ഇരിപ്പിടമായി. നേരത്തെ മന്ത്രിമാരുടെ ഓഫീസുകള്‍ ഈ രീതിയിലേക്ക് കൂപ്പുകുത്തിയതിന്റെ ഞെട്ടലില്‍നിന്നു കേരളം കരകയറുംമുമ്പാണ് അടുത്ത ആഘാതമേറ്റതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker