ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സിബിഐ.ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകീട്ട് അറസ്റ്റിലായ സിസോദിയയെ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ഇരുപക്ഷത്തിന്റേയും വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവിറക്കും.
അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി പ്രവര്‍ത്തകര്‍ രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് സംഘടിപ്പിച്ച് വരുന്നത്. പഞ്ചാബിലും മറ്റു ചില സംസ്ഥാനങ്ങളിലും എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.
സിബിഐ ആസ്ഥാനത്തടക്കം നിരവധി എ.എ.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതോടെ ഡല്‍ഹി പോലീസ് പ്രതിഷേധക്കാരില്‍ ചിലരെ കസ്റ്റഡിയിലെടുത്തു. ഡി.ഡി.യു. മാര്‍ഗിലെ ബി.ജെ.പി. ഓഫീസിലേക്ക് എ.എ.പി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തുകടക്കാന്‍ ശ്രമിച്ചു. ഇതോടെ അവരില്‍ ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ബെംഗളൂരു, ചണ്ഡിഗഢ്, ഭോപാല്‍ തുടങ്ങിയിടങ്ങളിലും അറസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ പുതിയ മദ്യക്കച്ചവട നയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഞായറാഴ്ചയാണ് സി.ബി.ഐ. മനീഷ് സിസോദിയയെ അറസ്റ്റുചെയ്തത്. എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു സി.ബി.ഐ.യുടെ അറസ്റ്റ്. പ്രതിഷേധം തടയിടുന്നതിനായി 1500 പോലീസ് – പാരാമിലിട്ടറി ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് അധികമായി വിന്യസിച്ചത്. എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജ് ഉള്‍പ്പെടെയുള്ള 80 ശതമാനത്തോളം വരുന്ന നേതാക്കളെ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു.