വിവാദ ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസിന്റെ പ്രതിനിധി യു എൻ മീറ്റിംഗിൽ പങ്കെടുത്തു. സ്വദേശമായ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുകയാണെന്ന് പ്രതിനിധി വിജയപ്രദ മീറ്റിംഗിൽ പറഞ്ഞു.
ഫെബ്രുവരി 22-ന് നടന്ന യുണൈറ്റഡ് നാഷൻസ് മീറ്റിംഗിലായിരുന്നു കൈലാസയുടെ പ്രതിനിധി പങ്കെടുത്ത് സംസാരിച്ചത്. തദ്ദേശീയരായ ഗോത്ര വിഭാഗങ്ങളെ പുനരുജ്ജീവിപ്പിച്ചതിന് നിത്യാനന്ദ പീഡനം ഏറ്റുവാങ്ങുകയാണെന്നും സ്വന്തം നാട്ടിൽ നിന്നും നാടുകടത്തപ്പെട്ടതായും അവർ പറഞ്ഞു. ഹിന്ദുവിസത്തിന്റെ ആദ്യ രാജ്യമായ കൈലാസത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട ശേഷം നിത്യാനന്ദ താവളമാക്കിയ തന്നാൽ സ്ഥാപിക്കപ്പെട്ട രാജ്യമെന്ന് അവകാശപ്പെടുന്ന ദ്വീപാണ് കൈലാസ. ഇവിടെ സ്വന്തമായി നാണയം അടക്കം പരമാധികാരിയായ നിത്യാനന്ദ പുറത്തിറക്കിയിട്ടുണ്ട്. അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ 2020ൽ രാജ്യം വിട്ടത്. 2012ൽ നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.