തിരുവനന്തപുരം: യു.ഐ.ടി. വിദ്യാര്‍ഥിയെ വെഞ്ഞാറമൂട് എസ്. ഐയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. പിരപ്പന്‍കോട് യു. ഐ. ടി കോളേജ് വിദ്യാര്‍ഥി ആദിത്യനെയാണ് മര്‍ദിച്ചതായി പരാതിയുയര്‍ന്നിട്ടുള്ളത്. എന്‍. എസ്. എസ്. ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിവരവേ വെഞ്ഞാറമൂട് എസ്. ഐ. രാഹുല്‍ അകാരണമായി സ്റ്റേഷനില്‍ പിടിച്ചു കൊണ്ടുപോയി മര്‍ദിച്ചതെന്ന് ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എന്‍.എസ്.എസ്. ക്യാമ്പ് കഴിഞ്ഞു വീട്ടില്‍ പോകുവാനായി വൈകിട്ട് 4.45ന് തൈക്കാട് ജങ്ഷനില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ അതിന് നേരെ എതിരെയായി പോലീസ് ജീപ്പ് കൊണ്ട് നിര്‍ത്തി എവിടെപ്പോകുന്നു എന്ന് ചോദിച്ചു. വെഞ്ഞാറമ്മൂട് പോകാനെന്ന് പറഞ്ഞപ്പോള്‍ ഇവിടെ എന്തിനാണ് ഇരിക്കുന്നത് എതിര്‍വശത്തെ വെയ്റ്റിംഗ് ഷെഡില്‍ ഇരുന്നുകൂടെ എന്ന് ചോദിച്ചു. അവിടെ ഇരുന്നാല്‍ ബസ് വരുന്നത് കാണില്ല എന്ന് മറുപടി കൊടുത്തപ്പോള്‍ തര്‍ക്കുത്തരം പറയുന്നോ എന്ന് ചോദിച്ചു ദേഷ്യപ്പെട്ട് ജീപ്പില്‍ പിടിച്ചു കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി ലോക്കപ്പില്‍ അടയ്ക്കുകയും ലോക്കപ്പിനകത്തു നിര്‍ത്തി കൈ പുറത്താക്കി വിലങ്ങിട്ട് അതിക്രൂരമായ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് ആദിത്യന്‍ പറയുന്നത്.
തെളിവായി എസ്. ഐ അസഭ്യം പറയുന്നതും മര്‍ദിക്കുന്നതുമായ ഓഡിയോ ക്ലിപ്പും ആശുപത്രി രേഖകളും അടക്കമാണ് ആദിത്യന്‍ ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും വെഞ്ഞാറമൂട് സി ഐയ്ക്കും പരാതി നല്‍കിയിരിക്കുന്നത്. ക്രൂരമായ മര്‍ദനത്തില്‍ ചെവിയുടെ കര്‍ണപുടം പൊട്ടി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു ആദിത്യന്‍.
എന്നാലിത് വ്യാജ പരാതിയാണെന്നാണ് വെഞ്ഞാറമൂട് എസ്. ഐ രാഹുലിന്റെ പ്രതികരണം.