സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച പിജി മെഡിക്കൽ വിദ്യാർഥിനി ഡോ. ഡി.പ്രീതി (26) മരണത്തിനു കീഴടങ്ങിയ സംഭവത്തിൽ, കുറ്റക്കാർ ആരായാലും വെറുതെ വിടില്ലെന്ന് തെലങ്കാന മന്ത്രി കെ.ടി.രാമറാവു. സംഭവത്തിനു പിന്നിൽ സൈഫായാലും സതീഷായാലും കടുത്ത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഹനാംകോണ്ട ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വിദ്യാർഥിനിയുടെ മരണത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ആത്മഹത്യയ്ക്കു ശ്രമിച്ച് അഞ്ച് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോ.പ്രീതി, ഞായറാഴ്ച രാത്രിയാണ് മരണത്തിനു കീഴടങ്ങിയത്. നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മരിച്ച പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി സീനിയർ വിദ്യാർഥിയായ ഡോ. എം.എ.സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് ആക്ഷേപം.