തിരുവനന്തപുരം: ലൈഫ് മിഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അതിരൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലൈഫ് മിഷന്‍ കോഴ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റംഗങ്ങള്‍ക്കും എന്തിനാണ് ഇങ്ങനെ പൊള്ളുന്നതെന്നും അത് യാഥാര്‍ഥ്യമല്ലേയെന്നും സതീശന്‍ ചോദിച്ചു. ഇരുപതു കോടി രൂപ റെഡ് ക്രസന്റ് ദുബായില്‍നിന്ന് ഇങ്ങോട്ടുതന്നപ്പോള്‍ അതില്‍ കോഴ വാങ്ങിച്ചിട്ടുണ്ടെന്ന് മുന്‍മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ തോമസ് ഐസക്കും എ.കെ. ബാലനും പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. നിയമസഭാ മീഡിയാ റൂമില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മാത്യു കുഴല്‍നാടനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആക്രമിക്കുന്നതാണ് സഭയില്‍ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരിക്കലും ഒരു അടിയന്തര പ്രമേയ നോട്ടീസില്‍ പതിവില്ലാത്ത തരത്തില്‍ ഇന്ന് മുഖ്യമന്ത്രി സഭയില്‍ എഴുന്നേറ്റ് മൂന്നുതവണ വെല്ലുവിളിച്ചു. മുഖ്യമന്ത്രി വെല്ലുവിളിച്ചാല്‍ മറ്റ് മന്ത്രിമാര്‍ക്ക് വെല്ലുവിളിക്കാതിരിക്കാന്‍ സാധിക്കില്ല. അവരും നിര്‍ബന്ധിതരായി എഴുന്നേറ്റു. ഇതുകണ്ട് പിന്നിലിരുന്നവരും എണീറ്റതോടെ സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷം സീറ്റില്‍നിന്ന് മാറിയില്ല. ഭരണകക്ഷി തന്നെ ഇന്ന് സഭാസമ്മേളനം സ്തംഭിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്ക് പോയി, സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നാ സുരേഷിന്റെയും ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഈ പണം പിടിച്ചെടുത്തതെന്ന് സതീശന്‍ പറഞ്ഞു. ഈ 63 ലക്ഷത്തില്‍ ആക്സിസ് ബാങ്കിന്റെ സീലുണ്ടായിരുന്നു. അത് സന്തോഷ് ഈപ്പന്‍ എന്ന കോണ്‍ട്രാക്ടര്‍ കൊടുത്ത പണമാണ്. അയാള്‍ അത് സമ്മതിച്ചു. അപ്പോള്‍ കോഴ നടന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയിലിലാണ്. ആദ്യം സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് ജയിലിലായി. ഇപ്പോള്‍ വീണ്ടും ജയിലിലാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണ്. ഇത് നിയമസഭ ചര്‍ച്ച ചെയ്യേണ്ടേ? മുഖ്യമന്ത്രി എന്താണ് സംസാരിക്കാത്തത്? ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരായി വന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഒരുമിച്ച് കോഴ വാങ്ങിയിരിക്കുകയാണ്. ഇത് എല്ലാവര്‍ക്കും അറിയാമെന്നും സതീശന്‍ പറഞ്ഞു.