കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കലക്ടര്‍ ഡോ. രേണുരാജ് നേരിട്ടു ഹാജരായി. ഉച്ചയ്ക്ക് 1.45നാണ് കലക്ടര്‍ ഹൈക്കോടതിയിലെത്തിയത്. ജില്ലാ കലക്ടര്‍ക്കൊപ്പം കോര്‍പ്പറേഷന്‍ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനിലും ഹാജരായി.
സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. ഇന്നു വൈകിട്ടാണ് യോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെ പങ്കെടുക്കും.
മാലിന്യ പ്രശ്‌നത്തിനു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. പൊതുജന താത്പര്യത്തിനാവണം പ്രഥമ പരിഗണന. നഗരത്തില്‍ മാലിന്യം കുമിഞ്ഞു കൂടാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.
വിഷപ്പുക മൂലം ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് നഗരവാസികളെന്ന് കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. മാലിന്യസംസ്‌കരണകേന്ദ്രത്തിലെ തീപിടിത്തും മനുഷ്യനിര്‍മിതമാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.