ചെന്നൈ: തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ആക്രമിക്കുന്നുവെന്ന വ്യാജ പ്രചരണം നടത്തുന്നത് ബിജെപി പ്രവര്‍ത്തകരെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ബിഹാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, തമിഴ്നാട്ടിലെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയില്‍ സംതൃപ്തനാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിലുളള വ്യാജ പ്രചരണം തുടങ്ങിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ നേതാവ് ടിആര്‍ ബാലുവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തമിഴ്‌നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്റ്റാലിന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിതീഷ് കുമാറിനെ അറിയിച്ചതായി യോഗത്തിന് ശേഷം ടി ആര്‍ ബാലു പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നില്ല.