ENTERTAINMENT

‘ഇത്രയും വലിയൊരു സിനിമ ഏല്‍പിക്കുമ്പോള്‍ തിരിച്ചും മാന്യത കാണിക്കണമായിരുന്നു’; തുറമുഖം വൈകാനുള്ള കാരണമെന്തെന്ന് നിവിന്‍ പോളി

നിവിന്‍ പോളിയെ  നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. മാര്‍ച്ച് പത്തിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയെറ്ററുകളില്‍ എത്തിക്കുന്നത്. നേരത്തേ മൂന്ന് തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം പറയുകയാണ് നിവിന്‍ പോളി. നിര്‍മാതാവിന്റെ പ്രശ്‌നങ്ങളാണ് സിനിമ വൈകാന്‍ കാരണമെന്നാണ് നിവിന്‍ പറഞ്ഞത്. കൊച്ചിയില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നിവിന്‍ തുറന്നു പറഞ്ഞത്.

‘തുറമുഖം’ ഇത്രയേറെ പ്രശ്‌നത്തിലേക്ക് പോകേണ്ട സിനിമയല്ലെന്ന് നിവിന്‍ പോളി പറഞ്ഞു. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രമാണ്. ഇത്രയും സാമ്പത്തിക പ്രശ്‌നത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണെന്നും നിവിന്‍ പോളി പറഞ്ഞു,

സംവിധായകന്‍ രാജീവ് രവിയായാലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടിയിരുന്നു. മൂന്ന് പ്രാവശ്യം പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിര്‍മ്മാതാവിനോട് ചോദിക്കും, ആകുമെന്ന് അദ്ദേഹം പറയും. തങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാന്‍ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. എന്നാല്‍ ഈ പടം ഇറങ്ങില്ലെന്ന് പ്രൊഡ്യൂസര്‍ക്ക് അറിയാമായിരുന്നുവെന്നും നിവിന്‍ പോളി വ്യക്തമാക്കി.

ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്. ലിസ്റ്റിന്‍ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഒരുഘട്ടത്തില്‍ താന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മാതാവ് പറഞ്ഞത്. അന്ന് കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ തനിക്ക് കഴിയില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നതെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

നിവിന്‍ പോളിക്ക് പുറമേ, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

തുറമുഖത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – ഷഹബാസ് അമന്‍, കെ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്.

എഡിറ്റിങ് -ബി. അജിത്കുമാര്‍, കലാസംവിധാനം -ഗോകുല്‍ ദാസ്, സംഗീതം -കെ. ഷഹബാസ് അമന്‍. ഡിസൈന്‍ – ഓള്‍ഡ്മങ്ക്‌സ്, ഡിസ്ട്രിബൂഷന്‍ ലീഡ് – ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍ – അനൂപ് സുന്ദരന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍ – ബിനു ബ്രിങ്‌ഫോര്‍ത്ത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker