KERALALATEST

കോഴിക്കോട് സിനിമാ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസ്; സിനിമ-സീരിയൽ നടിയെ അന്വേഷണസംഘം ചോദ്യം ചെയ്തു

കോഴിക്കോട് സിനിമാ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ നടിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. പ്രതികൾക്ക് കോട്ടയം സ്വദേശിനിയായ യുവതിയെ പരിചയപ്പെടുത്തിയ സിനിമ സീരിയൽ നടിയെയാണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്. തന്റെ അറിവോടെയാണ് പ്രതികൾ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയതെന്ന് നടി അന്വേഷണസംഘത്തോട് സമ്മതിച്ചു.

കോട്ടയം സ്വദേശിനിയായ യുവതി കണ്ണൂരിൽ ജോലി ചെയ്യുന്ന സമയത്താണ് സിനിമ വാഗ്ദാനവുമായി നടി പെൺകുട്ടിയെ സമീപിക്കുന്നത്. ഇതിനിടെ യുവതി കണ്ണൂരിലെ ജോലി അവസാനിപ്പിക്കുകയും കോഴിക്കോട് നഗരത്തിൽ പുതിയ ജോലിയ്ക്ക് ശ്രമിക്കുകയും ചെയ്തു. കോഴിക്കോട്ടെ നിർമാതാവിനെ കണ്ടാൽ സിനിമയിൽ അവസരം ലഭിക്കുമെന്ന് നടി പറഞ്ഞതിനെ തുടർന്ന് യുവതി കോഴിക്കോട്ടെത്തി. നിർമ്മാതാവിനെ പരിചയപ്പെടുത്താനെന്ന വ്യാജേന പെണ്കുട്ടിയെ കരപ്പറമ്പിലെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.

പ്രതികളുടെ ഉദ്ദേശം നടിയ്ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പെണ്കുട്ടിയ്‌ക്കൊപ്പം കോഴിക്കോട് എത്തിയ മറ്റൊരു യുവതിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പീഡനത്തിന് ഇരയായ യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ജ്യൂസിൽ ലഹരി നൽകിയാണ് പീഡിപ്പിച്ചതെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സിനിമാപ്രവർത്തകരെന്നു പറഞ്ഞാണ് ഫ്‌ലാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്. തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. നടിയിൽ നിന്നും ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker