ന്യൂഡല്‍ഹി: യുകെ സന്ദര്‍ശനത്തിലുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. രാഹുല്‍ കേംബ്രിഡ്ജില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു വിമര്‍ശനം. രാഹുല്‍ ഇന്ത്യയുടെ ഐക്യത്തിന് അത്യന്തം അപകടകാരിയാണെന്നും രാജ്യത്തെ വിഭജിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഈ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് രാജകുമാരന്‍ എല്ലാ പരിധികളും ലംഘിക്കുകയാണ്. ഇയാള്‍ ഇന്ത്യയുടെ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയായി മാറിയിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യയെ വിഭജിപ്പിക്കാന്‍ ആളുകളെ പ്രകോപിപ്പിക്കുകയാണ്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്നത് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനും ബഹുമാന്യനുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രം’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘രാഹുല്‍ ഗാന്ധി ‘പപ്പു’വാണെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കറിയാം. എന്നാല്‍, അദ്ദേഹം യഥാര്‍ഥത്തില്‍ പപ്പുവാണെന്ന് വിദേശികള്‍ക്ക് അറിയില്ല. അദ്ദേഹത്തിന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല, പക്ഷെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇന്ത്യാ വിരുദ്ധ ശക്തികള്‍ ദുരുപയോഗം ചെയ്യുന്നന്നതാണ് പ്രശ്‌നം’-റിജിജു പറഞ്ഞു.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന ആക്രമിക്കപ്പെടുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.