വനിതാ ദിനത്തിൽ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തി ട്രാൻസ് ദമ്പതികളായ സിയ പവലും സഹദും. ട്രാൻസ്ജൻഡർ സമൂഹത്തിൽ നിന്നടക്കം നിരവധി പേരാണ് ആഘോഷത്തിൽ പങ്ക് ചേരാൻ എത്തിയത്.
സബിയ സഹദ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ‘പ്രകാശിക്കുന്നവൾ’ എന്നാണ് സബിയയുടെ അർത്ഥം. തങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കുന്ന കുഞ്ഞിന് ഇതിനേക്കാൾ നല്ലൊരു പേരില്ലെന്ന് സഹദും സിയയും പറയുന്നു. കുഞ്ഞ് പിറന്ന് 28-ാം ദിനത്തിലാണ് പേരിടൽ ചടങ്ങ് നടത്തിയത്.
ഫെബ്രുവരി 8നാണ് സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നത്. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന സിയ പവലിന്റെയും സഹദിന്റെയും സ്വപ്നമാണ് പൂവണിഞ്ഞത്. ട്രാൻസ് വ്യക്തികളായെങ്കിലും ഇരുവരുടെയും ശരീരം മാറ്റത്തിന്റെ പാതിവഴിയിലായിരുന്നു. സഹദ് ഹോർമോൺ തെറപ്പിയും ബ്രസ്റ്റ് റിമൂവലും ചെയ്തു. ഗർഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയുടെ ഘട്ടമെത്തിയപ്പോഴാണ് കുഞ്ഞെന്ന ആഗ്രഹം പിറന്നത്. സിയയാവട്ടെ ട്രാൻസ് സ്ത്രീയാവാനുള്ള ശസ്ത്രക്രിയക്ക് വിധേയയായിരുന്നുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലായിരുന്നു സഹദിന്റെ ഗർഭപരിചരണ ചികിത്സ. കുഞ്ഞിന് മുലപ്പാൽ നൽകാനാവില്ലെങ്കിലും ആശുപത്രിയിലെ മിൽക്ക് ബാങ്ക് വഴി സംവിധാനമുണ്ടാക്കുകയും ചെയ്തു.