BREAKING NEWSKERALA

സ്വപ്നയെ കണ്ടത് വെബ് സീരിസ് ചര്‍ച്ചയ്ക്ക്, എം.വി ഗോവിന്ദനെ കണ്ടിട്ടുള്ളത് ടിവിയില്‍ മാത്രം: വിജേഷ് പിള്ള

കൊച്ചി: സ്വപ്ന സുരേഷിനെ കണ്ടു എന്ന് സമ്മതിച്ച് വിജേഷ് പിള്ള. ബെംഗളൂരുവില്‍ വെച്ചാണ് സ്വപ്നയുമായി ചര്‍ച്ച നടത്തിയത്. സ്വപ്ന പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്നും വിജേഷ്. ഇതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച രാത്രി 12 മണിയോടു കൂടിയായിരുന്നു ഇ.ഡി. വിജേഷ് പിള്ളയെ പുറത്തുവിട്ടത്.
ബിസിനസ് ആവശ്യത്തിനാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഒരേ നാട്ടുകാരാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ടി.വിയില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും വിജേഷ് പിള്ള പറഞ്ഞു.
‘ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെ വെബ് സീരിസിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ബെംഗളൂരുവില്‍ പോയത്. ഞങ്ങളുടെ ഹോട്ടലില്‍ സ്വപ്ന വന്നു. അവിടെ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ യാതൊരു വാസ്തവവുമില്ല, ആരോപണങ്ങളെല്ലാം തെറ്റായ കാര്യങ്ങളാണ്. പാര്‍ട്ടിയുമായിട്ട് യാതൊരു ബന്ധവുമില്ല, ഈ പറയുന്ന ആരേയും അറിയില്ല. പത്രത്തിലും മാധ്യമങ്ങളിലും കണ്ട പരിചയമല്ലാതെ അവര്‍ക്ക് എന്നെയോ എനിക്ക് അവരെയോ അറിയില്ല. ബിസിനസ് ബന്ധപ്പെട്ട കാര്യത്തിനായിരുന്നു ബെംഗളൂരുവില്‍ ചെന്നത്. വെബ് സീരിസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമായിരുന്നു. വേറെ ഈ പറയുന്ന പോലെ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ല. രണ്ട് ദിവസം മുമ്പായിരുന്നു സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയത്. ഇ.ഡിയുടെ അടുത്ത് എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. വെബ് സീരിസുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിലെ ചിത്രങ്ങളാണ് സ്വപ്ന പുറത്തുവിട്ടത്’ വിജേഷ് പിള്ള പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സ്വര്‍ണക്കടത്തു കേസില്‍ ഒത്തു തീര്‍പ്പിനായി വിജയ് പിള്ള എന്നയാള്‍ സി.പി.എം. നേതാക്കള്‍ക്കുവേണ്ടി തന്നെ സമീപിച്ചു എന്ന ആരോപണവുമായി സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ വന്നത്. ബെംഗളൂരുവില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും 30 കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും സ്വപ്ന ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു. ആരോപണവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. വിജയ് പിള്ള എന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞതെങ്കിലും ഇയാളുടെ യഥാര്‍ഥ പേര് വിജേഷ് പിള്ള എന്നാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker