BREAKING NEWSNATIONAL

‘വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകളെ അവഹേളിച്ചു’: അക്രമാസക്തമായി ബിജെപി മാര്‍ച്ച്

ജയ്പുര്‍: വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകള്‍ രാജസ്ഥാനില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. ബിജെപി നേതാവ് കിരോഡി ലാല്‍ മീണയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വന്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി മീണ ഉപയോഗിക്കുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധം രൂക്ഷമായത്. ഗെലോട്ടിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
2019ലെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകളുടെ നേതൃത്വത്തില്‍, തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാഴ്ച മുന്‍പ് സമരം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ വസതിക്കു മുന്‍പില്‍ സമരം ചെയ്ത വിധവകളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് അവരവരുടെ പ്രദേശങ്ങളിലെ ആശുപത്രികളിലേക്കു മാറ്റിയിരുന്നു.
ഇതിനു പിന്നാലെയാണ്, വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ജവാന്‍മാരുടെ വിധവകളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയത്. തുടര്‍ന്നു നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. അതേസമയം, വിധവകളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും സച്ചന്‍ പൈലറ്റ് പറഞ്ഞു.

Related Articles

Back to top button