ENTERTAINMENT

‘എനിക്ക് ശ്വസിക്കാനാവുന്നില്ല’, പ്രതിഷേധിച്ച് താരങ്ങൾ

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ച് കൊച്ചിയിലെ ജനങ്ങൾ ശ്വാസംമുട്ടുമ്പോൾ സമൂഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്. വിഷയത്തിൽ പ്രതിഷേധിച്ച് ചലച്ചിത്രതാരങ്ങളും രം​ഗത്തെത്തി. ഫെയ്‌സ്‌ബുക്കിൽ തന്റെ പ്രൊഫൈൽ ചിത്രം മാറ്റിയാണ് നടൻ വിനയ് ഫോർട്ട് പ്രതിഷേധം അറിയിച്ചത്. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് ആലേഖനം ചെയ്ത മാസ്ക് ധരിച്ചിരിക്കുന്ന മുഖവും തലയിൽ കൂടികിടക്കുന്ന മാലിന്യങ്ങളുടെ ചിത്രീകരണമാണ് പ്രൊഫൈൽ ചിത്രമായി വിനയ് ഫോർട്ട് അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

കൊച്ചിയിൽ വിഷപ്പുക പടരുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകന്ദനും ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിൻറെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോൾ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക’ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്. പൃഥ്വിരാജും വിഷയത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പറഞ്ഞു. നടൻ വിജയ് ബാബു, സംവിധായകൻ ഷാംദത്ത് എന്നിവരും വിഷയത്തിൽ പ്രതികരിച്ച് നേരത്തെ രം​ഗത്തെത്തിയിരുന്നു.

അതേസമയം ബ്രാഹ്മപുരത്തെ പ്രശ്നത്തിൽ കൊച്ചിയിൽ താമസിക്കുന്ന സൂപ്പർ താരങ്ങൾ പ്രതികരിക്കാത്തതിനെതിരെ നിർമ്മാതാവ് ഷിബു ജി. സുധാകരൻ രം​ഗത്തെത്തിയിരുന്നു.”കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാൻ കൊച്ചിയിൽ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മൾ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളിൽ വേറെ വായു ഉൽപാദിപ്പിക്കുന്നുണ്ടോ? ജീവിക്കാൻ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികൾക്കെതിരെ സംസാരിക്കാൻ പോലും എന്താണ് കാലതാമസം. ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എന്തിനോടാണ് നിങ്ങൾ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം. രാഷ്ട്രീയം നോക്കാതെ അധികാരികൾക്കെതിരെ പ്രതികരിക്കുക. ജനങ്ങൾക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കിൽ എന്നോട് ക്ഷമിക്കുക…”, എന്നായിരുന്നു ഷിബുവിൻറെ കുറിപ്പ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker