ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ അടുത്തമാസം 18 മുതല്‍ വാദം കേള്‍ക്കും. അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിലയിരുത്തി. അധിക സത്യവാങ്മൂലം ഉണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വാദം തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.
കഴിഞ്ഞദിവസം, സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭര്‍ത്താവ്, ഭാര്യ, അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ സങ്കല്‍പത്തോട് ചേരുന്നതല്ല സ്വവര്‍ഗ വിവാഹമെന്ന് കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പില്‍ സ്വവര്‍ഗ ലൈംഗികബന്ധം ഉള്‍പ്പെടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയെങ്കിലും സ്വവര്‍ഗ വിവാഹത്തിന് സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിനും റജിസ്റ്റര്‍ ചെയ്യുന്നതിനുമപ്പുറം കുടുംബപരമായ വിഷയങ്ങളുണ്ട്. ഇത്തരം വിവാഹങ്ങള്‍ക്കു സാധുത നല്‍കുന്നതു വലിയ സങ്കീര്‍ണതകള്‍ക്കു വഴിവച്ചേക്കുമെന്നും സത്യവാങ്മൂലത്തിലുണ്ട്.