ലാഹോര്‍: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം തുടരുന്നതിനിടയില്‍ പാകിസ്ഥാനില്‍ സംഘര്‍ഷം വ്യാപിക്കുന്നു. പിടിഐ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഇന്നും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസി വെടിയുതിര്‍ത്തു. സംഘര്‍ത്തില്‍ അറുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 54പേരും പൊലീസ് ഉദ്യോഗസ്ഥരാണ്.
ലാഹോര്‍ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഇവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ സംഘടിച്ച് വീണ്ടും എത്തിയതോടെയാണ് പൊലീസ് വെടിവെപ്പ് ആരംഭിച്ചത്.
സമാന്‍ പാര്‍ക്കില്‍ നിലവില്‍ യുദ്ധ സമാന സാഹചര്യമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി ഇസ്ലമാബാദ് പൊലീസ് വീണ്ടും എത്തിയത്.
ഇന്നലെ ഉച്ചമുതല്‍ തന്റെ വീട് കനത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഖാന്‍ പറഞ്ഞു. നേരത്തെ, ഇമ്രാന്റെ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ടിവി ചാനലുകളെ പാക് സര്‍ക്കാര്‍ വിലക്കിയിരുന്നു. പൊലീസ് പ്രയോഗിച്ച വെടിയുണ്ടകളും മറ്റും മുന്നില്‍ നിരത്തിയായിരുന്നു ഇമ്രാന്‍ വീഡിയോയില്‍ പ്രത്യേക്ഷപ്പെട്ടത്.
പാക് സര്‍ക്കാരും സൈന്യവും കിഴക്കന്‍ പാകിസ്ഥാന്റെ ദുരന്തത്തില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്ന് ബംഗ്ലാദേശ് വിഭജനം ചൂണ്ടിക്കാട്ടി ഖാന്‍ പറഞ്ഞു. ജയിലിലേക്ക് പോകാന്‍ താന്‍ ബാഗ് പാക് ചെയ്തതാണ്. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ല. ജയിലില്‍ എന്നെ പീഡിപ്പിച്ച് കൊല്ലുമെന്ന് അവര്‍ കരുതുന്നു.ഇത്തരത്തില്‍ ക്രൂരമായ പൊലീസ് അതിക്രമം ഒരു നേതാവിന് എതിരെയും കണ്ടിട്ടില്ല. ഒരു മുന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ നിഷേധിക്കുകയും നിരന്തരം ആക്രമിക്കുകയും ചെയ്യുന്നത് ശരിയല്ല. -ഖാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന് എതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ ‘തോഷഖാന’ എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.
മൂന്നുതണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകിതിരുന്നതിന് പിന്നാലെ, ഇസ്ലാമാബാദ് കോടതി ഇമ്രാനെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം എത്തിയെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം കാരണം അറസ്റ്റ് നടന്നിരുന്നില്ല. ഇമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു പൊലീസ് പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍, പൊലീസ് നോക്കിനില്‍ക്കെ തന്നെ ഇമ്രാന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.