ന്യൂഡല്‍ഹി: കണ്ണൂര്‍ സർവകലാശാലയുടെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ മുട്ട് കോര്‍ട്ട് കോമ്പറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം പിന്മാറി. കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി താന്‍ പരിഗണിക്കുവെന്ന് അറിയാതെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് എന്നും ജസ്റ്റിസ് രാമസുബ്രമണ്യം വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് മാര്‍ച്ച് 16 മുതല്‍ 19 വരെയാണ് ദേശിയ മുട്ട് കോര്‍ട്ട് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി ജഡ്ജി വി രാമസുബ്രമണ്യം സമ്മതമറിയിച്ചിരുന്നു. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് വി രാമസുബ്രമണ്യം ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ പരാതി ഉയര്‍ന്നു.
ചടങ്ങില്‍ ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ കെ എസ് യു സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ നാലാം എതിര്‍ കക്ഷി ഡോ. ഗോപിനാഥ് രവീന്ദ്രനായതിനാല്‍ ജസ്റ്റിസ് രാമസുബ്രമണ്യം ചടങ്ങില്‍ പങ്കെടുക്കരുതെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് എന്ന് ജസ്റ്റിസ് രാമസുബ്രമണ്യം വ്യക്തമാക്കി. മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപലിന്റെ അച്ഛന്‍ ബാരിസ്റ്റര്‍ എം കെ നമ്പ്യാരുടെ പേരിലുള്ള ചടങ്ങായതിനാലാണ് ദേശിയ മുട്ട് കോര്‍ട്ട് കോമ്പറ്റീഷനില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. വിവാദമറിഞ്ഞപ്പോള്‍ തന്നെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.