കോഴിക്കോട്: ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്‌കരണത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സോണ്‍ടയുമായി കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന ആരോപണവുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.
മുഖ്യന്ത്രിയുടെ അറിവോടെ മുകളില്‍ നിന്ന് ഉറപ്പിച്ച കച്ചവടമാണ് കോഴിക്കോട്ടേത്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴിയാണ് ഫയലുകള്‍ എല്ലാം നീങ്ങിയത്. മുഖ്യമന്ത്രിയുടെ ടെക്നികല്‍ സെക്രട്ടറി എം സി ദത്തന്‍ 2019 ല്‍ ഞെളിയന്‍ പറമ്പില്‍ നേരിട്ട് എത്തിയിരുന്നു. ചീഫ് സെക്രട്ടറിയാണ് ഇപ്പോഴും ഞെളിയന്‍ പറമ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. ഇതെല്ലാം തെളിയിക്കുന്നത് സോണ്‍ടയുമായുള്ള കരാറില്‍ മുഖ്യമന്ത്രിക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലറും കക്ഷി നേതാവുമായ കെ സി ശോഭിത ആരോപിച്ചു.
എല്ലാ ബാധ്യതകളില്‍ നിന്നും കമ്പനിയെ ഒഴിവാക്കുന്നതും സര്‍ക്കാരിന്റെ താത്പര്യം കൊണ്ടാണ് എന്നും കെ സി ശോഭിത ആരോപിച്ചു.
8.24 ലക്ഷം രൂപ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ നല്‍കി. 1.15 കോടിരൂപ 2020 ലും 49.19 ലക്ഷം രൂപ അതിന് ശേഷവും നല്‍കി. 2023 ല്‍ 82.39 ലക്ഷം രൂപയും നല്‍കി. ബയോ മൈനിങ് ഉള്‍പ്പടെ യാതൊരു പ്രവര്‍ത്തിയും ഞെളിയന്‍ പറമ്പില്‍ നടന്നിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും സോണ്‍ടയ്ക്ക് ഇത്രയും തുക നല്‍കിയത് ആരുടെ താത്പര്യം കൊണ്ടാണ് എന്ന് മേയര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലാണ് ഞെളിയന്‍ പറമ്പ് ഉള്ളത്. മണ്ഡലത്തിലെ ജനങ്ങളുടെ ആശങ്കയില്‍ മന്ത്രി ഇടപെടാത്തത് എന്താണെന്നും പ്രതിപക്ഷം ചോദിച്ചു.