തിരുവനന്തപുരം: സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. തിരുത്തല്‍ ശക്തിയായിരുന്ന കാനം തിരുമ്മല്‍ ശക്തിയായെന്നും ഏകാധിപതി ആയെന്നുമുള്ള വിമര്‍ശനങ്ങളും ഉണ്ടായി. വയനാട് മുന്‍ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ് ‘തിരുമ്മല്‍ ശക്തി’ പരാമര്‍ശം നടത്തിയത്.
‘തിരുമ്മല്‍ ശക്തി’യെന്ന് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നതിന്റെ ഉറവിടം ഇപ്പോള്‍ വ്യക്തമായെന്ന കാനം ഇതിന് മറുപടി നല്‍കി. ഉദ്ദേശിച്ച കാര്യം നടക്കാതെ വരുമ്പോള്‍ എതിര്‍ക്കുന്നയാളല്ലെന്നും കാനം തിരിച്ചടിച്ചു.
കാനം എല്ലായിടത്തും പാര്‍ശ്വവര്‍ത്തികളെ കുത്തിനിറയ്ക്കുന്നുവെന്ന് ടി.കെ.കൃഷ്ണന്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പല തീരുമാനങ്ങളും ശരിയല്ലെന്ന് വി.ബി. വിനുവും പ്രതികരിച്ചു. ഇതില്‍ പ്രതിഷേധമുള്ളതുകൊണ്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചതെന്നും ബിനു പറഞ്ഞു.