തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച മെഡിക്കല്‍ സമരം വെള്ളിയാഴ്ച ആറുമുതല്‍ ആറുവരെ നടക്കും. അത്യാഹിത വിഭാഗവും, അടിയന്തര ശസ്ത്രക്രിയകളും ഒഴികെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഏറെക്കുറെ സ്തംഭിക്കും. നാല്പതോളം സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 10.30-ന് തിരുവനന്തപുരത്ത് ആനയറയിലെ ഐ.എം.എ. ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.