BREAKING NEWSKERALA

ഭൂമിയിടപാട്: കേസ് റദ്ദാക്കണമെന്ന കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വിധി

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നാളെ നിര്‍ണ്ണായകം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികളിലും സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിക്കും.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കര്‍ദിനാള്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ വാദം കേട്ടത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു.
കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കര്‍ദിനാളിന് എതിരായ ഒരു പരാതി സര്‍ക്കാര്‍ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. പള്ളി ഭൂമികള്‍ പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും സിവില്‍ നടപടി ചട്ടത്തിലെ 92 ആം വകുപ്പ് ബാധകം ആയിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
കത്തോലിക്കാ പള്ളികള്‍ക്ക് ബാധകം കാനോന്‍ നിയമം ആണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപതയും സുപ്രീംകോടതിയില്‍ വാദിച്ചു. പള്ളി സ്വത്തുക്കള്‍ ട്രസ്റ്റ് ആണെന്ന മലങ്കര സഭാ കേസിലെ വിധി തങ്ങള്‍ക്ക് ബാധകം അല്ലെന്ന് രൂപതകളുടെ അഭിഭാഷകര്‍ വാദിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 ആം വകുപ്പ് പ്രകാരം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി നിര്‍ദേശിച്ചതിനെ സുപ്രീം കോടതി വാദം കേള്‍ക്കലിനിടെ വിമര്‍ശിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker