BREAKING NEWSKERALALATEST

രാഷ്ട്രപതി ഇന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കും, കൊല്ലത്ത് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം; കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കും. കൊച്ചിയിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം ഗവർണറും മുഖ്യമന്ത്രിയും രാഷ്ട്രപതിക്കൊപ്പം വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാവിലെ 9.30നാണ് കൊല്ലം  കരുനാഗപ്പള്ളിയിലെ മഠം സന്ദർശിക്കുക. രാവിലെ എട്ടിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തുന്ന രാഷ്ട്രപതി രാവിലെ 11.45നു കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരിന്റെ പൗര സ്വീകരണത്തിൽ പങ്കെടുക്കും. കടുംബശ്രീയുടെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന ‘രചന’യുടെ ഉദ്ഘാടനവും പട്ടിവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ഉന്നതി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ രാഷ്ട്രപതി നിർവഹിക്കും. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ് ആൻഡ് ഡിപ്ലോമ ബുക്കുകളുടെ പ്രകാശനവും രാഷ്ട്രപതി നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

മാർച്ച് 18നു രാവിലെ കന്യാകുമാരി സന്ദർശിക്കുന്ന രാഷ്ട്രപതി തിരികെയെത്തിയ ശേഷം ഉച്ചയ്ക്കു ലക്ഷദ്വീപിലേയ്ക്കു പോകും. ലക്ഷദ്വീപ് സന്ദർശനത്തിനു ശേഷം 21ന് ഉച്ചയ്ക്കു കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു മടങ്ങും

കൊല്ലത്ത് ഇന്ന് ​ഗതാ​ഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അമൃതാനന്ദമയി മഠത്തിലെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയത്.  രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോകുന്ന കായംകുളം- കൃഷ്ണപുരം- ഓച്ചിറ- പ്രയാര്‍- ഇടയനമ്പലം ജംഗ്ഷന്‍- ആലുംപീടിക- ആയിരംതെങ്ങ്- അഴീക്കല്‍ റൂട്ടില്‍ രാവിലെ എട്ടു മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. ബദല്‍ യാത്രാവഴിയായ അമൃതപുരി- ചെറിയഴീക്കല്‍- ലാലാജി ജങ്ഷന്‍- കരുനാഗപ്പള്ളി റൂട്ടിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുജനങ്ങളും പൊലീസ് നിര്‍ദേശപ്രകാരം യാത്ര ക്രമീകരിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker