BREAKING NEWSNATIONAL

അമൃത്പാല്‍ സിങ് അസമിലെന്ന് സൂചന; സഹായികളായ 78 പേര്‍ പിടിയില്‍

ഗുവാഹത്തി: ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് അസമിലുള്ളതായി സൂചന. നേരത്തെ അറസ്റ്റിലായ ഇയാളുടെ സഹായികളായ നാലു പേരെ വിമാനമാര്‍ഗം അസമിലെ ദിബ്രുഗഢിലെത്തിച്ചതായാണ് വിവരം. ഇവരെ വന്‍ സുരക്ഷാസന്നാഹങ്ങളോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
അമൃത്പാലിന്റെ സഹായികളോടൊപ്പം മുപ്പതോളം പോലീസുകാരും അസമിലെത്തിയിട്ടുണ്ട്.
ഇതുവരെ അമൃത്പാലിന്റെ സഹായികളായ 78 പേര്‍ പഞ്ചാബ് പോലീസിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്. അമൃത്പാലിന്റെ സാമ്പത്തിക കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്ന അടുത്ത സഹായി ദല്‍ജീത് സിങ് കല്‍സിയെ ഹരിയാനയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അതേസമയം അമൃത്പാല്‍ സിങിനായുള്ള തിരച്ചിലിനെ തുടര്‍ന്ന് പഞാബില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് നീട്ടി. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകില്ല. എസ്.എം.എസ് അയക്കുന്നതിനും നിയന്ത്രണമുണ്ട്.പ്രദേശത്ത് കടുത്ത ജാഗ്രതാനിര്‍ദ്ദേശമാണ് പോലീസ് ഏര്‍പ്പെടുത്തിയത്.
ഞായറാഴ്ചയാണ് അമൃത്പാല്‍ സിങിനെ അറസ്റ്റു ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാള്‍ പഞ്ചാബ് പോലീസിന്റെ വലയിലായെങ്കിലും രക്ഷപ്പെടുകയായിരുന്നു. നേരത്തെ ഇയാളുടെ ആറ് അനുയായികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അമൃത്സറിലും സമീപ പ്രദേശങ്ങളിലുമായി അമ്പതിലധികം പോലീസ് വാഹനങ്ങളാണ് അമൃത്പാല്‍ സിങിനെ പിന്തുടര്‍ന്നത്. എന്നാല്‍ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പഞ്ചാബില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്.

Related Articles

Back to top button