KERALALATEST

‘എന്റെ നാലാമത്തെ കുട്ടിയെപ്പോലെ നോക്കും, പഠിപ്പിക്കാവുന്നത്രയും പഠിപ്പിക്കും, സിവില്‍ സര്‍വീസ് ആണ് സ്വപ്‌നം’: കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ഗണേഷ് കുമാര്‍

കൊല്ലം: ‘എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും, നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിപ്പിക്കും, എന്റെ സ്വപ്‌നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കാനായി വരുന്നത് കാണണം’- വീടില്ലാത്ത ഏഴാം ക്ലാസുകാരനെ ചേര്‍ത്തുപിടിച്ച് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകള്‍ കണ്ടുനിന്നവരുടെയും കണ്ണു നനയിച്ചു. വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും എംഎല്‍എ ഉറപ്പുനല്‍കുന്നുണ്ട്.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ കൈത്താങ്ങായത്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സാധനങ്ങളും വാങ്ങിത്തരാമെന്നും ഗണേഷ് കുമാര്‍ കുട്ടിക്കു വാക്കു നല്‍കി. ഈ ചേര്‍ത്തുപിടിക്കലിന്റെ സന്തോഷത്തില്‍ കരയുന്ന കുട്ടിയെ അദ്ദേഹം ആശ്വസിപ്പിച്ചു. കുട്ടിയോട് നന്നായി പഠിക്കണമെന്ന് വീണ്ടും വീണ്ടും എംഎല്‍എ പറഞ്ഞു. വീടു പണിക്കായി എല്ലാവരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് കൂടെ നില്‍ക്കുന്ന നാട്ടുകാരെയും ജനപ്രതിനിധികളെയും ഓര്‍മിപ്പിക്കുന്നുമുണ്ട്.

‘വീടു വച്ചു നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമാണ് സഹായമെത്തിക്കാറ്. പ്രവാസികളായ സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ഇതു നടപ്പിലാക്കുക. അങ്ങനെയിരിക്കെയാണ് ഒരു ദിവസം കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, സ്റ്റേജില്‍വച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷ് ഈ കുട്ടിയുടെ കാര്യം പറയുന്നത്. ഒരു കുട്ടിയുണ്ടെന്നും അവന്‍ പഠനത്തിലും മറ്റും നല്ല മിടുക്കനാണെന്നും അവന് അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. അവര്‍ക്ക് ഒരു വീടില്ലാത്ത അവസ്ഥയാണ്. അവര്‍ക്ക് സ്ഥലം ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ കുടുംബപരമായി കിട്ടിയ കുറച്ച് സ്ഥലമുണ്ടെന്ന് അറിയിച്ചു.’ – ഗണേഷ് കുമാര്‍ പറഞ്ഞു.

‘സാധാരണക്കാരിയായ ഒരു സ്ത്രീ എത്ര നാള്‍ കഷ്ടപ്പെട്ടാലാകും ഒരു വീട് പണിയാനാകുക എന്നു നമുക്കറിയാം. ലൈഫ് പദ്ധതിയില്‍നിന്ന് പല കാരണങ്ങള്‍ അവര്‍ക്ക് വീട് ലഭിക്കാത്തതിന്റെ പ്രശ്‌നമുണ്ട്. അങ്ങനെയാണ് ഇവിടെ വരുന്നതും അമ്മയേയും മകനെയും കാണുന്നതും അവര്‍ക്ക് വീടു വച്ചു നല്‍കാന്‍ തീരുമാനിക്കുന്നതും. എത്രയും പെട്ടെന്ന് പണി തീര്‍ത്ത് വീടു വച്ചു നല്‍കും.’- ഗണേഷ് കുമാര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker