BREAKING NEWSKERALA

സുപ്രീംകോടതിയെ സമീപിക്കാന്‍ 10 ദിവസം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

കൊച്ചി: സിപിഎം എംഎല്‍എ എ.രാജയുടെ തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ വിധിക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സ്റ്റേയാണ് അനുവദിച്ചത്. നേരത്തെ, പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാന്‍ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.സോമരാജന്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയര്‍ സമുദായാംഗമല്ലെന്നും നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയിലാണു വിധി.
വിധിക്കെതിരെ എത്രയും വേഗം സുപ്രീം കോടതിയെ സമീപിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എ.രാജയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. തന്റെ വാദങ്ങള്‍ പൂര്‍ണമായി കേള്‍ക്കാതെയുള്ള വിധിയാണെന്നും അപ്പീല്‍ നല്‍കുമെന്നും രാജയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയില്‍നിന്ന് ഇളവു ലഭിക്കുന്നതു വരെ എ.രാജയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ല. ഇന്നലെ വിധി വന്നയുടന്‍ സഭയില്‍നിന്നു രാജ പുറത്തുപോയി. സുപ്രീം കോടതിയില്‍നിന്നു സ്റ്റേ ലഭിച്ചാലും സഭയില്‍ വോട്ട് ചെയ്യാനും ശമ്പളം വാങ്ങാനും അനുവാദം ലഭിച്ചേക്കില്ല. സഭയില്‍ ഹാജരായി ഒപ്പിടാനും പ്രസംഗിക്കാനും അനുവദിച്ചേക്കും. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അയോഗ്യത. എങ്കിലും ഇതുവരെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാനിടയില്ല.
ദേവികുളം തഹസില്‍ദാര്‍ നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റാണ് രാജ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയത്. രാജയുടെ പിതാവിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലെ ഹിന്ദു പറയര്‍ വിഭാഗക്കാരായിരുന്നു. ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടി കുടിയേറുകയായിരുന്നു. കേരളത്തിലെപ്പോലെ, തമിഴ്നാട്ടിലും ഹിന്ദു പറയര്‍ പട്ടികജാതി വിഭാഗത്തിലാണ്. അതിനാല്‍ ദേവികുളത്തു മത്സരിക്കാന്‍ തനിക്കു യോഗ്യതയുണ്ടെന്നായിരുന്നു രാജയുടെ വാദം.
എന്നാല്‍, ഒരു സംസ്ഥാനത്ത് സംവരണമുണ്ടെന്ന കാരണത്താല്‍ മറ്റൊരു സംസ്ഥാനത്ത് സംവരണം അവകാശപ്പെടാനാവില്ലെന്നു കോടതി വിലയിരുത്തി. കൂടാതെ, ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബ റജിസ്റ്ററില്‍ ഉള്‍പ്പെടെ തിരുത്തല്‍ വരുത്തി വ്യാജരേഖ ചമയ്ക്കാന്‍ ശ്രമം നടത്തിയതായി വ്യക്തമാണെന്നും കോടതി പറഞ്ഞു. വിവാഹത്തെക്കുറിച്ചും വിവാഹച്ചടങ്ങിനെക്കുറിച്ചുമുള്ള ചോദ്യങ്ങളില്‍നിന്നു രാജ ഒഴിഞ്ഞുമാറിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker