ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) അന്വേഷണം വേണമെന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് ജയ്റാം രമേശാണ് നിലപാട് വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനു പകരമായി അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വേണ്ടെന്നുവെക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
റൂള്‍ 357 പ്രകാരം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ലോക്സഭാ സ്പീക്കര്‍ക്ക് ഇതിനോടകം കത്തയച്ചിട്ടുണ്ടെന്നും ജയ്രാം രമേശ് പറഞ്ഞു. ഈ അഴിമതി ഓഹരിവിപണിയുമായി മാത്രം ബന്ധപ്പെട്ട് നില്‍ക്കുന്നതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സര്‍ക്കാരിന്റെയും നയങ്ങളും താല്‍പര്യങ്ങളുമായും ബന്ധപ്പെട്ടതാണെന്നും ജയ്റാം രമേശ് ആരോപിച്ചു.
പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ പാര്‍ട്ടികള്‍ തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്ച വരുത്താന്‍ തയ്യാറായില്ല. നിലപാട് മയപ്പെടുത്താന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയ്യാറായില്ലെന്നാണ് വിവരം. എല്ലാ പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ജനാധിപത്യവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി. ലോക്സഭയില്‍ പ്രതിഷേധിക്കുന്നത്. അതേസമയം, അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം.