BREAKING NEWSKERALA

ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍

തൊടുപുഴ: ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച മുതല്‍ കാണാതായ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ(വല്‍സമ്മ, 27) മൃതദേഹമാണ് കട്ടിലിനടിയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വിജേഷിനെ കാണാനില്ല. ഒരു മകളുണ്ട്.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ അനുമോള്‍ വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയിരുന്നു. മകളെ കാണാതായതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ അടുത്തദിവസം മുതല്‍ കാണാനില്ലെന്ന വാര്‍ത്തയാണ് സ്വന്തം മാതാപിതാക്കളും നാട്ടുകാരും അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന കുടുംബം തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹമാണ്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭര്‍ത്താവ് വിജേഷിനെ കാണാതെയുമായി. പേഴുംകണ്ടം വട്ടമുകളേല്‍ അനുമോളുടെ മരണത്തില്‍ നാട്ടുകാരും വീട്ടുകാരും ഞെട്ടിയിരിക്കുകയാണ്.
കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. വെള്ളിയാഴ്ച സ്‌കൂളിലെത്തിയ യുവതി ശനിയാഴ്ച നടക്കാനിരിക്കുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാല്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമോള്‍ സ്‌കൂളിലെത്തിയില്ല.
മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെ ഭര്‍ത്താവ് വിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചു. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി. പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
എന്നാല്‍ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി. വീട് പൂട്ടിയിരുന്നതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കുശേഷമേ ബുധനാഴ്ച മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുകയുള്ളൂ.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker