കൊച്ചി: ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സിറോ മലബാര്‍ സഭ ഹൈക്കോടതിയില്‍. സഭയിലെ തര്‍ക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത കുര്‍ബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകള്‍ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. വിശ്വാസപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സര്‍ക്കാരിനെയും ഹര്‍ജിയിലെ കക്ഷികളെയും കോടതി നിര്‍ബന്ധിക്കരുത്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള സര്‍ക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിര്‍പ്പില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച സത്യവാങ്മൂലം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.