തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രിസഭായോഗത്തില്‍ വിലയിരുത്തല്‍. എങ്കിലും മുന്‍ ആഴ്ചകളേക്കാളും മുന്‍ മാസങ്ങളേക്കാളും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി. സംസ്ഥാനത്തെ കോവിഡ് സ്ഥിതി മന്ത്രിസഭായോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചു.
സംസ്ഥാനത്തെ രോഗവ്യാപനത്തിന്റെ നില, ആശുപത്രികളിലെ സജ്ജീകരണങ്ങള്‍, മരുന്നുകളുടെ ലഭ്യത, ഓക്‌സിജന്‍ കിടക്കകള്‍, ഓക്‌സിജന്‍ലഭ്യത തുടങ്ങിയ കാര്യങ്ങളെല്ലാം ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ ജനിതകശ്രേണീകരണ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുന്നതും മന്ത്രി വിശദീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ജാഗ്രത കൂടുതല്‍ കര്‍ശനമാക്കണമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
അതേസമയം, രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ അഞ്ചുതലത്തിലുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.
പരിശോധന, നിരീക്ഷണം, ചികിത്സ, വാക്‌സിനേഷന്‍, കോവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരുക ( ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷന്‍, കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയര്‍) എന്നിവയാണ് നിര്‍ദേശങ്ങള്‍. കോവിഡ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളില്‍ ഉടന്‍ തന്നെ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരേണ്ടതുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഗൗരവത്തോടെ കാണണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരുന്നുകളും മറ്റ് സാമഗ്രികളും ആശുപത്രികളില്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം. രോഗികളുടെ എണ്ണം കൂടിയാല്‍ ചികിത്സയ്ക്ക് ആവശ്യമായ ബെഡ്ഡുകളും ആരോഗ്യപ്രവര്‍ത്തകരും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.