ന്യൂഡല്‍ഹി: ബില്‍കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് പ്രത്യേക ബഞ്ച് രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബില്‍കിസ് ബാനോ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍കില്‍ ബാനോ വിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും മൂന്നു വയസുള്ള കുഞ്ഞു ഉള്‍പ്പെടെ കുടുംബഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 15നാണ് വിട്ടയച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ശുപാര്‍ശനനുസരിച്ചായിരുന്നു നടപടി.
പ്രതികളെ വിട്ടയക്കണോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന 2022 മെയ് 13 ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു നടപടി. നടപടിക്കെതിരെ അഭിഭാഷക ശോഭ ഗുപ്ത യാണ് ബില്‍കിസ് ബാനോ വിന് വേണ്ടി സുപ്രിം കോടതിയെ സമീപിച്ചത്.പ്രതികളെ വിട്ടയച്ചതിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ പ്രത്യേക ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഹര്‍ജി എത്രയും വേഗം പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
കുറ്റവാളികളുടെ മോചനം ചോദ്യംചെയ്തുള്ള ഹര്‍ജിക്ക് പുറമേ, 2002 മെയ് 13ലെ സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രതികളെ വിട്ടയച്ചതിനെതിരായ പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് ബെല എം ത്രിവേദി പിന്മാറിയിരുന്നു. 2004-2006 വരെ ഗുജറാത്ത് സര്‍ക്കാരിന്റെ നിയമസെക്രട്ടറി ആയിരുന്നു ബെല എം ത്രിവേദി ഈ സാഹചര്യത്തിലാണ് പിന്മാറ്റം.