BREAKING NEWSKERALALATEST

‘ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ’ ; ഫേസ്ബുക്ക് പോസ്റ്റുമായി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

‘അപ്രഖ്യാപിത അടിയന്തിരാവസ്ഥ !
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കുമെതിരെയുള്ള വെല്ലുവിളിയായേ ഈ നടപടിയെ കാണാന്‍ കഴിയൂ.
രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്ന സംഘപരിവാര്‍ ശൈലിയാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാര്‍ ഭരണത്തിനുകീഴില്‍ ഇതോടെ ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്താന്‍ രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ട്.’
2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതിന് മാര്‍ച്ച് 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ഇന്ന് ഉത്തരവും ഇറങ്ങി.

Related Articles

Back to top button