ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ഡിഎംകെയില്‍ പൊട്ടിത്തെറി. തമിഴ്‌നാട് ധനമന്ത്രി പഴനി വേല്‍ ത്യാഗരാജന്റെ (പിടിആര്‍) രാജിയില്‍ കലാശിച്ചേക്കുമെന്ന് കരുതപ്പെടുന്ന ഈ സംഭവവികാസം രമ്യമായി പരിഹരിക്കാന്‍ ഡിഎംകെയ്ക്കുള്ളില്‍ ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മകളുടെ ഭര്‍ത്താവ് ശബരീശനും അവിഹിതമായി കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന രീതിയില്‍ പിടിആര്‍ നടത്തിയതായി പറയപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ ചൊവ്വാഴ്ച ഈ ഓഡിയൊ ടേപ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വെച്ചിരുന്നു.
സ്റ്റാലിന്റെ മകനും മരുമകനും കോടികള്‍ അനധികൃതമായി സമ്പാദിക്കുന്നുണ്ടെന്ന് പിടിആര്‍ പറയുന്നതായുള്ള ഒരു സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ അത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന നിലപാടാണ് പിടിആറും ഡിഎംകെയും സ്വീകരിച്ചത്.
പക്ഷേ, പുതുതായി പുറത്ത് വന്നിട്ടുള്ള ഓഡിയൊ ടേപ് അത്തരത്തില്‍ ന്യായീകരിക്കാനാവില്ലെന്നും പിടിആര്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നുമുള്ള സൂചനയാണ് ഡിഎംകെ നേതൃത്വം നല്‍കുന്നത്. ഈ ഓഡിയൊ ടേപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഉടനെ കാണുന്നുണ്ടെന്ന് പിടിആര്‍ പറയുന്നു.
മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനാവുകയുള്ളുവെന്നും പിടിആര്‍ പറഞ്ഞു. പിടിആര്‍ ധനമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോയാല്‍ ഡിഎംകെയ്ക്ക് ദേശീയ തലത്തില്‍ തന്നെ വലിയ തിരിച്ചടിയാവും. അതുകൊണ്ടുതന്നെ പ്രതിസന്ധി ഒഴിവാക്കാന്‍ ഡിഎംകെ നേതൃത്വം പരമാവധി ശ്രമിക്കുമെന്ന സൂചനയാണുള്ളത്.
ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാന ധനമന്ത്രിയാണ് പിടിആര്‍. അധികാരമേറ്റ് രണ്ടു വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാടിന്റെ ധനക്കമ്മി 16,000 കോടി രൂപയോളം കുറയ്ക്കാനായത് പിടിആറിന്റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ഏല്‍പിച്ച സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് തമിഴ്‌നാടിനെ മുക്തമാക്കുന്ന നടപടികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും പിടിആര്‍ വ്യക്തമാക്കിയിരുന്നു.
ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും എം.ഐ.ടി സ്ലൊവാന്‍ സ്‌കൂള്‍ ഒഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും നേടിയ ശേഷം ലീമന്‍ ബ്രദേഴ്സിലും സ്റ്റാന്‍ഡേഡ് ബാങ്കിലും പ്രവര്‍ത്തിച്ച പഴനിവേല്‍ ത്യാഗരാജന്‍ തമിഴ്നാട് മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന പിതാവ് പഴനിവേല്‍ രാജന്റെ അകാലമരണത്തെ തുടര്‍ന്നാണ് തമിഴകത്തേക്ക് തിരിച്ചെത്തിയതും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായതും.