BREAKING NEWSNATIONAL

മാവോവാദി ആക്രമണം: സ്ഫോടനത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റായ്പുര്‍: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ 10 പോലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായ മാവോവാദി ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ആക്രമണത്തിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തുനിന്നുള്ള വീഡിയോ ആണ് പുറത്തുവന്നത്. സ്ഫോടനത്തില്‍ തകര്‍ന്ന വാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന പോലീസ് വാഹനത്തിലെ ഡ്രൈവര്‍ പകര്‍ത്തിയ വീഡിയോ ആണിതെന്നാണ് വിവരം.
സ്ഫോടനം നടന്ന ഉടനെ ഒരാള്‍ റോഡിന് വശത്തേക്ക് ഇഴഞ്ഞുനീങ്ങുന്ന ദൃശ്യവും വെടിയൊച്ചയുടെ ശബ്ദവും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ വീഡിയോയുടെ ആധികാരിക പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച ഉച്ചയ്ക്ക് അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡി.ആര്‍.ജി. (ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്) സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മാവോവാദികളെ അമര്‍ച്ചചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിരുന്ന സംഘം വാഹനത്തില്‍ തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുന്നതിനിടെ അരന്‍പുര്‍ റോഡില്‍ മാവോവാദികള്‍ സ്ഥാപിച്ച ഐ.ഇ.ഡി(ഇംപ്രവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) പൊട്ടിത്തെറിക്കുകയായിരുന്നു. ഡി.ആര്‍.ജി.യിലെ പത്തുപേരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്. വാടകയ്ക്കെടുത്ത വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഛത്തീസ്ഗഢിലുണ്ടാകുന്ന വലിയ മാവോവാദി ആക്രമമായിരുന്നു ദന്തോവാഡയിലേത്. സ്ഫോടനത്തിനായി 40 കിലോഗ്രാം ഐ.ഇ.ഡി. എങ്കിലും ഉപയോഗിച്ചിരിക്കാമെന്നാണ് നിഗമനം. സ്ഫോടനത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു. സ്ഫോടനം നടന്ന റോഡില്‍ 10 അടി ആഴത്തില്‍ വന്‍ഗര്‍ത്തമുണ്ടായി. അരികിലുണ്ടായിരുന്ന മരങ്ങളും കടപുഴകിയിരുന്നു. ആക്രമണം നടത്തിയതിനു പിന്നാലെ മാവോവാദികള്‍ കാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button