ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ അതീഖ് അഹമ്മദ്, സഹോദരന്‍ അഷ്‌റഫ് എന്നിവര്‍ പൊലീസിന്റെ കണ്‍മുന്നില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി. മെഡിക്കല്‍ പരിശോധനയ്ക്കായി എത്തിച്ച ഇരുവരെയും എന്തിനാണ് ആശുപത്രിയില്‍ എത്തും മുന്‍പേ വാഹനത്തില്‍ പുറത്തിറക്കി നടത്തിച്ചതെന്ന് സുപ്രീം കോടതി ആരാഞ്ഞു. വാഹനത്തിനു വെളിയിലിറക്കി ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോഴാണ്, മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ അക്രമികള്‍ വെടിവച്ചു കൊന്നത്. ഈ സാഹചര്യത്തിലാണ്, ആശുപത്രിയിലേക്ക് നേരിട്ടു കൊണ്ടുപോകാതെ അതിനു മുന്‍പേ വാഹനത്തില്‍നിന്ന് ഇറക്കി നടത്തിച്ചത് എന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം.
”ആ വിഡിയോ ദൃശ്യം ഞങ്ങള്‍ കണ്ടു. അവരെ എന്തുകൊണ്ടാണ് ആശുപത്രിയുടെ വാതില്‍ക്കല്‍ വരെ വാഹനത്തില്‍ കൊണ്ടുപോകാതിരുന്നത്? എന്തുകൊണ്ടാണ് അത്രയും ദൂരം നടത്തിച്ചത്?’ കോടതി ചോദിച്ചു. ആ ദിവസം അതീഖിനെയും അഷ്‌റഫിനെയും പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്‌റു ഡിവിഷനല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്ന വിവരം അക്രമികള്‍ എങ്ങനെയാണ് മനസ്സിലാക്കിയതെന്നും കോടതി ആരാഞ്ഞു.
ഝാന്‍സിയില്‍വച്ച് അതീഖ് അഹമ്മദിന്റെ മകന്‍ ആസാദിനെ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തിയ സംഭവത്തിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല, പ്രയാഗ്രാജില്‍ വച്ച് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം അതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇരുവരുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതീഖും അഷ്‌റഫും കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പാണ് അതീഖിന്റെ മകന്‍ ആസാദ് ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ വാദം. ആസാദിന്റെ സംസ്‌കാരം നടന്ന ദിവസമാണ് അതീഖും അഷ്‌റഫും കൊല്ലപ്പെട്ടത്.
ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് അതീഖിന്റെ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. ഇതോടൊപ്പം 2017നു ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും സ്വതന്ത്ര വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 183 ക്രിമിനലുകളെ കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ വകവരുത്തിയതായി യുപി പൊലീസ് തന്നെയാണ് അടുത്തിടെ വെളിപ്പെടുത്തിയത്. അതീഖ് അഹമ്മദിന്റെ മകന്‍ അസദിന്റെ വധവും ഇതില്‍ ഉള്‍പ്പെടുന്നു.
അലഹാബാദ് വെസ്റ്റ് എംഎല്‍എ ആയിരുന്ന രാജുപാലിനെ 2005 ല്‍ കൊലപ്പെടുത്തിയ സംഭവത്തിലെ ദൃക്‌സാക്ഷി ഉമേഷ് പാലിനെ 2023 ഫെബ്രുവരിയില്‍ വധിച്ച കേസില്‍ അതീഖ് അഹമ്മദിനെയും അഷ്‌റഫിനെയും കോടതി ശിക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ കഴിഞ്ഞ 15ന് ആണ് ഇരുവരെയും മാധ്യമപ്രവര്‍ത്തകര്‍ എന്ന് നടിച്ചെത്തിയവര്‍ കൊലപ്പെടുത്തിയത്.