BREAKING NEWSNATIONAL

മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെയില്‍ ഇളവില്ല: ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്.കെ കൗള്‍, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.
മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടിവിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. വയോജനങ്ങള്‍ക്ക് ഇളവു നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന വാദം നിരസിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.
കോവിഡിനെതുടര്‍ന്ന് ജനങ്ങളുടെ യാത്ര കുറയ്ക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്ര ഇളവ് 2020ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. കോവിഡിന് മുമ്പുണ്ടായിരുന്ന ഇളവുകള്‍ പുനരാരംഭിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഈയിടെ ശുപാര്‍ശ ചെയ്തിരുന്നു.
60വയസ്സോ അതില്‍ കൂടുതലോ ഉള്ള പുരുഷന്മാര്‍ക്ക് 40 ശതമാനവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് 50ശതമാനവുമായിരുന്നു റെയില്‍വെ യാത്ര നിരക്കില്‍ ഇളവ് നല്‍കിയിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker