BREAKING NEWSKERALALATEST

അരിക്കൊമ്പന്‍ താപ്പാനകളുടെ നിയന്ത്രണത്തില്‍; കണ്ണു മൂടി കാടു മാറ്റും; ദൗത്യം വിജയം

തൊടുപുഴ: ചിന്നക്കനാലില്‍ നാട്ടുകാര്‍ക്കു ശല്യമുണ്ടാക്കിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വിജയം. മയക്കുവെടിയേറ്റ ആനയെ താപ്പാനകള്‍ നിയന്ത്രണത്തിലാക്കി. കാലില്‍ വടംകെട്ടി, കണ്ണു മൂടി ലോറിയില്‍ കയറ്റി അരിക്കൊമ്പനെ കാടുമാറ്റും. പുതിയ കാട്ടില്‍ ഇറക്കിവിടും മുമ്പ് നിരീക്ഷണത്തിനായി റേഡിയോ കോളര്‍ ഘടിപ്പിക്കും.

ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്. കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.

അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിട്ടില്ല. പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചനകള്‍.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്നും പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

ഇന്നലെ നാലു മണിയോടെ നിര്‍ത്തിവച്ച ദൗത്യം ഇന്ന് രാവിലെ എട്ട് മണിക്കാണ് പുനരാരംഭിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker