BREAKING NEWSKERALA

അരിക്കൊമ്പന്റെ വാസം ഇനി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍, മേദകാനത്ത് ആനയെ തുറന്നുവിട്ടു

കുമളി: ചിന്നക്കനാലില്‍ നിന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ പിടികൂടിയ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. കടുവാ സങ്കേതത്തിലെ ഉള്‍വനത്തിലാണ് ആനയെ തുറന്നുവിട്ടത്. ജനവാസമേഖലയില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. രാത്രി രണ്ട് മണിയോടെ സീനിയറോഡ വനമേഖലയിലെ മേദകാനത്താണ് ആനയെ തുറന്നുവിട്ടത്. ദേഹത്ത് ഘടിപ്പിച്ച ജിപിഎസ് കോളര്‍ വഴി അരിക്കൊമ്പന്റെ നീക്കങ്ങള്‍ വനംവകുപ്പ് നിരീക്ഷിക്കും.
മംഗളാദേവി ക്ഷേത്ര കവാടത്തില്‍ അരിക്കൊമ്പനെ പൂജകളോടെയാണ് സ്വീകരിച്ചത്. രാത്രി പത്ത് മണിയോടെ തേക്കടിയില്‍ എത്തിച്ച അരിക്കൊമ്പനെ ഡോക്ടേഴ്സ് പരിശോധിച്ചു. കൊമ്പനെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതിനാല്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇന്നലെ അരിക്കൊമ്പനെ വനംവകുപ്പ് തളച്ചത്. കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.
അരിക്കൊമ്പന്‍ ചെറുത്ത് നിന്നതോടെ ആറാമത്തെ മയക്കുവെടിയും വെക്കേണ്ടി വന്നിരുന്നു ദൗത്യസംഘത്തിന്. കാലുകള്‍ ബന്ധിച്ച ശേഷം കുങ്കിയാനകള്‍ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തില്‍ കയറ്റാന്‍ നേരത്തേ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം അധികം വൈകാതെ തന്നെ അരിക്കൊമ്പനെ ലോറിയില്‍ കയറ്റാനായി എന്നത് വിജയമാണ്.
നേരത്തേ അരിക്കൊമ്പന്‍ കുതറി മാറുകയും മുഖം മറച്ചിരുന്ന കറുത്ത തുണി തട്ടിത്തെറിപ്പിക്കുകയും ചെയ്തിരുന്നു. കുങ്കിയാനകള്‍ മുന്നോട്ട് അടുത്തതോടെയാണ് അരിക്കൊമ്പന്‍ കുതറി മാറിയതും മുഖം മറച്ചിരുന്ന തുണി തട്ടിത്തെറിപ്പിതും. കൊമ്പന്‍ കുതറി മാറിയതോടെ പിന്നില്‍ നിന്നിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്പോണ്‍സ് ടീമും ചിതറിയോടുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker