ആസ്വാദകരുടെ മനം നിറച്ച് തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം. ഇക്കുറി കോങ്ങാട് മധുവായിരുന്നു പഞ്ചവാദ്യത്തിൻറെ അമരത്ത്. നൂറുകണക്കിനാളുകളാണ് മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് സാക്ഷ്യം വഹിക്കാൻ തടിച്ചുകൂടിയത്.
നടവിൽ മഠത്തിലെ ഇറക്കിപൂജയ്ക്കൊടുവിൽ പാണികൊട്ടി തിരുവമ്പാടി ഭഗവതിയുടെ വടക്കുനാഥനിലേക്കുള്ള യാത്ര പൂരപ്രേമികളുടെ രോമാഞ്ചമായി. മഠത്തിന് സമീപമൊരുക്കിയ പന്തലിൽ തിമിലയിൽ പതികാലത്തിൽ ഒരു താളവട്ടം.. അത് പിന്നെ മദ്ദളത്തിലേക്കും മദ്ദളത്തിൽ നിന്ന് ഇടയ്ക്കയിലേക്കും. പിന്നെ കൂട്ടിക്കൊട്ടയായി, ആവേശത്തിമിർപ്പായി. കൊമ്പും ഇലത്താളവും ചേരുന്ന ഘോഷം ആൾക്കൂട്ടം അന്തരീക്ഷത്തിൽ വിരലുകൾ ചുഴറ്റിയാവേശമറിയിച്ചു.
മൂന്ന് മണിക്കൂർ നീളുന്നതാണ് നായ്ക്കനാൽ വരെ നീളുന്ന പഞ്ചവാദ്യ വഴി. മഠത്തിൽവരവ് പഞ്ചവാദ്യത്തെ സവിശേഷമാക്കിയത് പുകൾപ്പെറ്റകലാകാരന്മാരുടെ സാന്നിധ്യമായിരുന്നു.
Read Also: തൃശൂർ പൂരാവേശത്തിൽ അപർണാ ബാലമുരളി; പൂരത്തിനെത്താൻ സാധിച്ചതിൽ സന്തോഷമെന്ന് താരം
കൊടിയ വെയിലിനും ആയിരങ്ങളാണ് പൂരനഗരിയിലെ ആവേശത്തിമിർപ്പിനിടയിലേക്ക് ഒഴുകിയെത്തിയത്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ പൂരത്തിനെത്തിയത് തെച്ചികോട്ട് കാവ് രാമചന്ദ്രനാണ്. ആർപ്പുവിളികളോടെയാണ് പൂരപ്രേമികൾ രാമനെ വരവേറ്റത്. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമനെ കാണാൻ വഴിയിൽ ഉടനീളെ ആൾകൂട്ടം തിങ്ങിനിറഞ്ഞിരുന്നു.