ബെംഗലൂരു: സുരക്ഷയൊരുക്കാര്‍ കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി നിലപാടെടുത്തു. ഇത്ര തുക നാട്ടിലേക്ക് പോകുന്നതിന് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മദനിയുടെ കുടുംബം പറഞ്ഞു. മദനിയുടെ അച്ഛന്റെ ആരോഗ്യ നില അനുദിനം വഷളാകുന്ന സാഹചര്യമാണ്യ മദനിയേയും കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നു. എങ്കിലും ഇത്ര ഭീമമായ തുക നല്‍കി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി തീരുമാനമെടുക്കുകയായിരുന്നു. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മദനിയുടെ കുടുംബം പ്രതികരിച്ചു.
20 ലക്ഷം രൂപ മാസം നല്‍കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാട്. 82 ദിവസത്തേക്ക് കേരളത്തിലേക്ക് വരുന്ന മദനി പത്തിടത്ത് സന്ദര്‍ശനം നടത്താനുള്ള ആവശ്യം സമര്‍പ്പിച്ചതും കര്‍ണാടക പൊലീസ് സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ പത്തിടത്ത് സന്ദര്‍ശനം നടത്തുന്നില്ല, മറിച്ച് മൂന്നിടത്ത് മാത്രമേ സന്ദര്‍ശിക്കുന്നുള്ളൂവെന്ന് മദനിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ സുരക്ഷയൊരുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി ചെലവില്‍ ഇടപെടാന്‍ താത്പര്യപ്പെടുന്നില്ലെന്ന് നിലപാടെടുത്തു. ഇതോടെ കേരളത്തിലേക്ക് വരികയാണെങ്കില്‍ സുരക്ഷയൊരുക്കുന്ന കര്‍ണാടക പൊലീസിന് പ്രതിമാസം 20 ലക്ഷം രൂപ നല്‍കാന്‍ മദനി നിര്‍ബന്ധിതനായി. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.
കേരളത്തിലേക്ക് വരാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. കര്‍ണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി നല്‍കി. സുരക്ഷയ്ക്കുള്ള ചെലവ് മദനിയില്‍ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയത്. എസ്പി യതീഷ് ചന്ദ്രയെ കേരളത്തിലേക്ക് അയച്ച കര്‍ണാടക സര്‍ക്കാര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 82 ദിവസത്തെ സന്ദര്‍ശനത്തിന് ഈ നിലയില്‍ 56 ലക്ഷത്തിലധികം രൂപ ചെലവ് വരും.
കഴിഞ്ഞ തവണ മദനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.18 ലക്ഷം രൂപ മാത്രമാണ് 10 ദിവസത്തേക്ക് ചെലവായതെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു. 20 ലക്ഷം രൂപ ഭീമമായ തുകയാണെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ആറംഗ സമിതിയുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്ത് സുപ്രീം കോടതി ചെലവിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി മദനിയുടെ ഹര്‍ജി തള്ളിയത്.