ന്യൂഡല്‍ഹി : മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്ന ഹര്‍ജിയാണ് തള്ളിയത്. സമാന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ ഉണ്ടെന്ന് എംഐഎമ്മിന്റെ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന്‍ അനുവാദം തേടുകയായിരുന്നു.
മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹര്‍ജി നല്‍കിയത്. യുപിയിലെ ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് റിസ്വി. പിന്നീട് ഇയാള്‍ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാള്‍ ഹര്‍ജിയിലൂടെ ചില പാര്‍ട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയില്‍ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാര്‍ട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉന്നയിച്ചു.
ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിന്നമാണെന്ന വാദവും മുസ്ലിം ലീഗ് ഉന്നയിച്ചു. എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ സമാന ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയില്‍ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്ന് കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.