കോട്ടയം: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസിലെ പ്രതി തൂങ്ങിമരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് യുവതിയുടെ സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. ഒരുജീവന് പകരം ഒരിക്കും മറ്റൊരു ജീവനല്ലെന്നും നിയമപരമായി ലഭിക്കാവുന്ന പരമാവധിശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
”സംഭവം ദൗര്‍ഭാഗ്യകരമാണ്. ഒരുജീവന് പകരം ഒരിക്കലും മറ്റൊരു ജീവനല്ല. നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ അയാള്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മരണം തികച്ചും അപ്രതീക്ഷിതമായി. അനുശോചിക്കുന്നു.”- ആശിഷ്ദാസ് പറഞ്ഞു.
ആതിരയുടെ കേസിലെ പ്രതിയായ അരുണ്‍ വിദ്യാധരനെ ഇതുവരെ താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും ആശിഷ് ദാസ് വ്യക്തമാക്കി. അയാളുമായി സംസാരിക്കുമോ എന്ന് ചോദിച്ച് ഞായറാഴ്ച രാത്രി ആതിര അവസാനമായി സന്ദേശം അയച്ചിരുന്നു. എന്നാല്‍ അയാളുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ആതിരയുടെ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
”പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. അങ്ങനെ അനാസ്ഥയുണ്ടായിരുന്നെങ്കില്‍ ആദ്യം പ്രതികരിക്കേണ്ടതും ഞങ്ങളായിരുന്നു. ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഞങ്ങള്‍ക്കാണ്. ഞങ്ങള്‍ക്ക് ഒരിക്കലും പോലീസിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല. പോലീസ് തുടക്കംമുതലേ പൂര്‍ണസഹകരണത്തോടെ കൂടെയുണ്ടായിരുന്നു. ആതിര മരിച്ചശേഷം പോലീസ് അരുണിനെ ബന്ധപ്പെട്ടിരുന്നു എന്നാണ് അറിയുന്നത്. താന്‍ ഹാജരായിക്കൊള്ളാമെന്നും നിരപരാധിയാണെന്നുമാണ് അയാള്‍ പറഞ്ഞിരുന്നത്. അതിനുശേഷമാണ് അയാള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയത്” ആശിഷ്ദാസ് വിശദീകരിച്ചു.
കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ ആതിരയെ മേയ് ഒന്നാംതീയതി തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്റെ നിരന്തരമായ സൈബര്‍ ആക്രമണത്തെത്തുടര്‍ന്നായിരുന്നു ആതിരയുടെ ആത്മഹത്യ. ആതിരയുടെ സഹോദരീഭര്‍ത്താവായ ആശിഷ്ദാസ് ഐ.എ.എസിനെതിരെയും അരുണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെ അരുണിനെതിരേ ഞായറാഴ്ച രാത്രി ആതിര കടുത്തുരുത്തി പോലീസില്‍ പരാതി. പിറ്റേദിവസം രാവിലെ ആതിര കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ആതിരയുടെ മരണത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതി അരുണ്‍ വിദ്യാധരനായി പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ഇയാള്‍ കേരളം വിട്ടതായും അവസാനമായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പ്രതിയെ കണ്ടെത്താനായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു പേരില്‍ തെറ്റായ വിലാസം നല്‍കി ലോഡ്ജില്‍ മുറിയെടുത്ത പ്രതി തിരിച്ചറിയല്‍ രേഖകളൊന്നും നല്‍കിയിരുന്നില്ല. തുടര്‍ന്ന് കാഞ്ഞങ്ങാട് പോലീസ് കോട്ടയം പോലീസിനെ ബന്ധപ്പെട്ടാണ് മരിച്ചത് അരുണ്‍ വിദ്യാധരനാണെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ കൈഞരമ്പ് മുറിച്ചനിലയിലായിരുന്നു. ലോഡ്ജ്മുറിയില്‍ ഒട്ടേറെ വെള്ളക്കുപ്പികളും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.